കൊച്ചി: ഇഡി പേരിൽ വ്യാജ സമൻസ് ഉണ്ടാക്കി തട്ടിപ്പിന് ശ്രമിച്ച പ്രവാസി വ്യവസായി രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ കൈവശം കൂടുതൽ സമൻസുകൾ കണ്ടെത്തി. ഇഡി അന്വേഷണം നേരിടുന്ന മറ്റൊരു സഹകരണ സംഘത്തിന് നൽകാനായി തയ്യാറാക്കിയ സമൻസാണ് കണ്ടെത്തിയത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
ബെംഗളൂരുവിലുള്ള കണ്ണൂർ സ്വദേശി ജിജിത്താണ് വ്യാജ സമൻസുകൾ തയ്യാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിനായി മൂന്ന് ലക്ഷം രൂപ നൽകിയെന്നും രാജേന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്.
ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് കോടികൾ തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണ് രാജേന്ദ്രൻ വ്യാജ സമൻസുമായി എത്തിയത്. സൊസൈറ്റി ഭാരവാഹിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഇഡിയിലെ സ്വാധീനം ഉപയോഗിച്ച് കേസ് ഒത്തുതീർപ്പാക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വ്യാജ സമൻസുകളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കേരളത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു മൾട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ പേരിലുള്ള സമൻസും കണ്ടെത്തിയിട്ടുണ്ട്. ഇതും വ്യാജമാണോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്.
ഇത്തരത്തിൽ എത്ര വ്യാജ സമൻസുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇഡി അന്വേഷണം നേരിടുന്ന കമ്പനികളുടെ വിവരങ്ങൾ രാജേന്ദ്രന് എവിടെനിന്ന് ലഭിച്ചുവെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
അന്വേഷണം നേരിടുന്നവരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച് നൽകിയതുമായി ബന്ധപ്പെട്ട് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇയാളുമായി പണമിടപാട് നടന്നതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന് പിന്നിലെ മറ്റ് ബന്ധങ്ങളും വിവരങ്ങളും പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.


