വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് 118 റൺസ് ലീഡ്. നിലവിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അവസാന ഓവറിലെ പന്തിൽ സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 146 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 98 റൺസെടുത്ത ഗിൽ, ജേക്കബ് ഡഫിയുടെ പന്തിൽ ബൗൾഡാകുകയായിരുന്നു. 62 പന്തിൽ 55 റൺസോടെ ഋഷഭ് പന്തും രണ്ട് പന്ത് നേരിട്ട അൻഷുൽ കാംബോജുമാണ് ക്രീസിൽ.
ഒരു വിക്കറ്റിന് 159 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്കായി രാഹുലും ദേവ്ദത്തും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 165 റൺസ് കൂട്ടിച്ചേർത്തു. 175 പന്തിൽ 80 റൺസെടുത്ത ദേവ്ദത്തിനെ ബൗൾഡാക്കി കെയ്ൽ ജമെയ്സണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ ശുഭ്മാൻ ഗില്ലിനെ കൂട്ടുപിടിച്ച് രാഹുൽ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഇരുവരും 91 റൺസ് കൂട്ടിച്ചേർത്തു.
290 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 136 റൺസെടുത്ത രാഹുലിനെ നഥാൻ സ്മിത്ത് പുറത്താക്കുകയായിരുന്നു. ഒരു അപൂർവ്വ നേട്ടവും രാഹുൽ സ്വന്തമാക്കി ഇന്ന്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ രാജ്യങ്ങള്‍ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കി കെഎല്‍ രാഹുല്‍. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലാണ് രാഹുലിന്റെ നേട്ടം. ഇതോടെ ടെസ്റ്റില്‍ രാഹുലിന്റെ സെഞ്ച്വറികളുടെ എണ്ണം പതിമൂന്നായി.


