ന്യൂഡൽഹി: ജൻനായക് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയായ സ്ത്രീയെ പൊലീസുകാരൻ മർദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സീറ്റിൽ കിടന്നിരുന്ന സ്ത്രീ മറ്റുള്ളവർക്ക് ഇരിക്കാൻ സൗകര്യം നൽകാത്തതിനെ തുടർന്നാണ് പൊലീസുകാരൻ ഇടപെട്ടതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സ്ത്രീയുടെ ഭാഗത്തും തെറ്റുണ്ടായിരുന്നെങ്കിലും പൊലീസുകാരൻ കൂടുതൽ സംയമനത്തോടെ സാഹചര്യം കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
സ്ത്രീയും പെൺമക്കളും ചേർന്ന് പൊലീസുകാരനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനുപിന്നാലെ പൊലീസുകാരൻ സ്ത്രീയുടെ മുഖത്ത് തുടർച്ചയായി അടിക്കുന്നതും മറ്റ് വനിതാ യാത്രക്കാർ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ദർഭംഗ–അമൃത്സർ ജൻനായക് എക്സ്പ്രസ് മൊറാദാബാദ് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ശേഷമാണ് സംഭവം ഉണ്ടായത്. സംഘർഷത്തിൽ ഇരുവിഭാഗത്തിനും പരുക്കേറ്റു. പൊലീസുകാരനും സ്ത്രീയും പരസ്പരം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആറുപേർക്കെതിരെ കേസെടുത്തു. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.


