ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹൽ ബിജെപിയില്‍ ചേർന്നു. പിന്നാലെ സുപ്രധാനമായൊരു പദവിയും താരത്തിന് ലഭിച്ചു. പാർട്ടിയുടെ ഒബിസി മോർച്ചയുടെ ദേശീയ നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായാണ് ഹരിയാനക്കാരനായ ചഹലിനെ നിയമിച്ചിരിക്കുന്നത്. നേരത്തെ ബിജെപി ഒബിസി മോർച്ച ദേശീയ അധ്യക്ഷൻ അമർപാൽ മൗര്യയുമായി ചഹൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
“ബിജെപി കുടുംബത്തിൽ എനിക്ക് സ്ഥാനവും ബഹുമാനവും നൽകിയ നരേന്ദ്ര മോദി, അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ഒബിസി മോർച്ച ദേശീയ അധ്യക്ഷൻ അമർപാൽ മൗര്യ എന്നിവരോട് ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു”-എന്ന് ചഹൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നിർദ്ദേശപ്രകാരം ഒബിസി മോർച്ചയിലെ പുതിയ ഭാരവാഹികളെയും പാർട്ടി പ്രഖ്യാപിച്ചു. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 37 പേരെ ദേശീയ നിർവാഹക സമിതി അംഗങ്ങളായും നിയമിച്ചിട്ടുണ്ട്.
അടുത്തിടെയാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2023ലാണ് ഇന്ത്യക്ക് വേണ്ടി അവസാന ടി20 മത്സരം കളിച്ചത്. ക്രിക്കറ്റിൽ സജീവമാകുന്നതിന് മുൻപ് ചെസ്സ് താരവുമായിരുന്നു. ടി20 ക്രിക്കറ്റിൽ 400 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്ന ബഹുമതി ചഹലിന് സ്വന്തമാണ്. ഇംഗ്ലണ്ടിനെതിരെ 25 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതാണ് അന്താരാഷ്ട്ര ടി20യിലെ മികച്ച പ്രകടനം.


