തിരുവനന്തപുരം: സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭയുമായി അനുനയ നീക്കവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിന്റെ ഭാഗമായി ഇന്ന് ഓർത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് മുഖ്യമന്ത്രി സന്ദർശനം നടത്തും. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പാത്രിയാർക്കീസ് ബാവ മണർകാട് പള്ളി സന്ദർശിച്ചതിന് പിന്നാലെയാണ് ഓർത്തഡോക്സ് സഭ സർക്കാരിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. സഭാ തർക്കത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകളോടുള്ള വിയോജിപ്പാണ് സഭ പരസ്യമാക്കിയത്.
സർക്കാരിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ പൊതുവേദിയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കു മുന്നിലും സഭാ നേതൃത്വം വിഷയം ഉന്നയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ഓർത്തഡോക്സ് സഭാ നേതൃത്വവുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. സഭാ തർക്കത്തിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാനും സർക്കാരും സഭയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുമുള്ള നീക്കമായാണ് സന്ദർശനം വിലയിരുത്തപ്പെടുന്നത്.


