തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ (SEIAA) ചെയർമാനായി മുൻ ചീഫ് സെക്രട്ടറി ഡോ. കെ. വേണുവിനെ നിയമിച്ചു. സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം കേന്ദ്രസർക്കാരാണ് നിയമനം നടത്തിയത്. മുൻ ചെയർമാൻ പി.എച്ച്. കുര്യൻ അന്തരിച്ചതിനെത്തുടർന്ന് ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്കാണ് പുതിയ നിയമനം.
ഖനനം, വൻകിട കെട്ടിട നിർമാണം, വ്യവസായ പദ്ധതികൾ തുടങ്ങി പരിസ്ഥിതിയെ ബാധിക്കാൻ സാധ്യതയുള്ള ബി വിഭാഗം പദ്ധതികളുടെ ആഘാതം വിലയിരുത്തി പാരിസ്ഥിതിക അനുമതി നൽകുകയാണ് അതോറിറ്റിയുടെ പ്രധാന ചുമതല.
2006ലെ പരിസ്ഥിതി ആഘാത നിർണയ വിജ്ഞാപനത്തിലെ ഷെഡ്യൂളിൽ ഉൾപ്പെട്ട ബി വിഭാഗം പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നൽകുന്നതിനായാണ് കേന്ദ്രസർക്കാർ കേരള സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി രൂപീകരിച്ചത്.
അതോറിറ്റിയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി സ്റ്റേറ്റ് ലെവൽ എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റി കേരളയെയും കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുണ്ട്. പദ്ധതികളുടെ പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തി അതോറിറ്റിക്ക് ശുപാർശകൾ നൽകുകയാണ് സമിതിയുടെ ചുമതല.
അതേസമയം, ജില്ലാ പരിസ്ഥിതി ആഘാത നിർണയ അതോറിറ്റികൾ അനുവദിച്ച പാരിസ്ഥിതിക അനുമതികൾ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വീണ്ടും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ചെയർമാന്റെ നിയമനത്തിന് പ്രാധാന്യമേറെയാണ്.


