ബെംഗളൂരു: യുവതിയെ ലോഡ്ജിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഹാസൻ സ്വദേശിനി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആൺസുഹൃത്തായ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ 19നാണ് അബ്ബിഗരെയിലെ വൈമാക്സ് സർക്കിളിലുള്ള ലോഡ്ജിന്റെ മുകളിൽ നിന്ന് ഐശ്വര്യ താഴേക്ക് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയിരുന്നത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഐശ്വര്യ. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവരം അറിഞ്ഞ വീട്ടുകാർ വിവാഹം നിശ്ചയിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പിന്നീട് സന്തോഷ് വിവാഹത്തിൽ നിന്ന് പിന്മാറി. യുവതിയുടെ വീട്ടിലെത്തി വിവാഹത്തിന് താൽപര്യമില്ലെന്ന് അറിയിക്കുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ചുണ്ടായിരുന്ന സമയത്തെ ചില ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് സന്തോഷ് ഐശ്വര്യയെ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരമുണ്ട്.
നവംബർ 19ന് സന്തോഷ് ഐശ്വര്യയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ചുണ്ടായ തർക്കത്തിനൊടുവിൽ മുറിയിലെ ജനാലയിലൂടെ യുവതിയെ താഴേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യുവതി മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


