കോട്ടയം: സഭാതർക്കം പരിഹരിക്കാൻ അനുനയ നീക്കവുമായി കോട്ടയം ദേവലോകത്തെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് നിരാശ. മണർകാട് പള്ളിയിൽ പാത്രിയാർക്കീസ് ബാവയെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട സർക്കാർ നിയമോപദേശത്തിൽ പരിശോധന നടത്തിയ ശേഷം മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂവെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി.
ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയെ മണർകാട് പള്ളിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശമാണ് സഭയെ ചൊടിപ്പിച്ചത്. ഈ നിയമോപദേശം രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയാണെന്ന സംശയവും സഭയ്ക്കുണ്ട്. അതിനാൽ വിഷയത്തിൽ വിശദമായ പരിശോധന വേണമെന്നാണ് സഭയുടെ നിലപാട്.
അതേസമയം, നിയമോപദേശത്തിൽ പരിശോധന നടത്താമെന്നും മണർകാട് പള്ളിയിൽ പാത്രിയാർക്കീസ് ബാവയെ പ്രവേശിപ്പിച്ചതുപോലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്നും മുഖ്യമന്ത്രി സഭാ അധ്യക്ഷന് ഉറപ്പ് നൽകിയതായി സഭ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മുഖ്യമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സർക്കാരിനും യാക്കോബായ സഭയ്ക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അധികാരമില്ലാത്ത സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നിയമം ലംഘിക്കുന്നവർ രാജ്യദ്രോഹികളാണെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരം നടപടികൾക്ക് സർക്കാർ പിന്തുണ നൽകിയാൽ ശക്തമായി പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയായ ശേഷം രണ്ടാം തവണയാണ് വി.ഡി. സതീശൻ ദേവലോകത്ത് എത്തുന്നത്. എന്നാൽ സഭാതർക്കത്തിൽ സമവായത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെ പ്രശ്നപരിഹാരത്തിനുള്ള ചർച്ചകളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.


