കോഴിക്കോട്: കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ പരസ്യപ്രതികരണവുമായി ജി. സുധാകരൻ. യുഡിഎഫ് പഴയ രീതിയിലേക്ക് മടങ്ങരുതെന്നും അത്തരമൊരു യുഡിഎഫിനല്ല ജനങ്ങൾ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുഖം നന്നായാൽ മാത്രം പോരാ, ഉള്ളും നന്നാകണമെന്നും പഴയ ഗ്രൂപ്പ് കളികളിൽ ജനങ്ങൾക്ക് താൽപര്യമില്ലെന്നും സുധാകരൻ പ്രതികരിച്ചു.
ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് അടുത്തകാലത്തൊന്നും അധികാരത്തിൽ തിരിച്ചെത്താനാകില്ലെന്നും യുഡിഎഫിന് മുന്നിൽ വലിയ അവസരമാണ് നിലവിലുള്ളതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
കെ.സിയും രമേശ് ചെന്നിത്തലയും കഴിവുള്ള നേതാക്കളാണെന്ന് പറഞ്ഞ അദ്ദേഹം, നന്നായി ഭരിച്ചാൽ യുഡിഎഫിന് വീണ്ടും അധികാരത്തിലെത്താനാകുമെന്നും അങ്ങനെ വന്നാൽ ഇരുവർക്കും മുഖ്യമന്ത്രിയാകാൻ അവസരമുണ്ടെന്നും കൂട്ടിച്ചേർത്തു.
സിപിഎമ്മിലെ ജയരാജൻമാർ തമ്മിലുള്ള പോരിലും സുധാകരൻ പ്രതികരിച്ചു. പാർട്ടിയുടെ ആഭ്യന്തര സ്ഥിതി ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേയെന്ന് ചോദിച്ച അദ്ദേഹം, ഇത്തരം സാഹചര്യങ്ങൾ കണ്ടാണ് താൻ പാർട്ടി വിട്ടതെന്നും പറഞ്ഞു.
പാർട്ടിയുടെ പൊതുസ്ഥിതി ഇതാണെന്നും തിരുത്തൽ വരുത്താനോ നിയന്ത്രിക്കാനോ ആരുമില്ലെന്നും സുധാകരൻ വിമർശിച്ചു. ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത് പിആർ പ്രവർത്തനമാണെന്നും അദ്ദേഹം ആരോപിച്ചു. തന്നെ പിണറായി വിജയൻ ആക്ഷേപിച്ചെന്നും അതിന് അദ്ദേഹത്തിന് തിരിച്ചടി ലഭിച്ചെന്നും സുധാകരൻ പറഞ്ഞു.


