കൊച്ചി∙ അബുദാബി-കൊച്ചി ഇൻഡിഗോ വിമാനത്തിൽ യാത്രക്കാർ തമ്മിൽ കൈയ്യേറ്റം. ഒരു യാത്രക്കാരനു പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. വിമാനത്തിലെ യാത്രക്കാരനായ തൃശൂർ സ്വദേശി യൂസഫ് എന്ന മൊയ്തുവിനാണു പരുക്കേറ്റത്. തൈക്കൂടം സ്വദേശി റോഷൻ മാർട്ടിനാണ് യൂസഫിനെ മർദിച്ചത്. റോഷൻ യൂസഫിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യൂസഫിന്റെ കണ്ണട പൊട്ടുകയും വലതു കണ്ണിനു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റോഷൻ ധരിച്ചിരുന്ന ബെൽറ്റ് ഊരിയെടുത്ത് യൂസഫിന്റെ കഴുത്തിൽ മുറുക്കിയെന്നും ആരോപണമുണ്ട്. പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റോഷൻ മാർട്ടിനെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് റോഷൻ ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.


