പത്തനംതിട്ട: ശബരിമല ദർശനത്തിനായി ബുക്ക് ചെയ്ത വെർച്വൽ ക്യൂ സ്ലോട്ട് റദ്ദാക്കിയാൽ അത് വീണ്ടും ബുക്കിങ്ങിന് ലഭിക്കാൻ എട്ട് മണിക്കൂർ കാത്തിരിക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പരിഷ്കാരം നവംബർ 24 രാത്രി മുതൽ നിലവിൽ വരും.
ഒരേസമയം നിരവധി സ്ലോട്ടുകൾ ബുക്ക് ചെയ്തശേഷം റദ്ദാക്കി മറ്റുള്ളവർക്ക് കൈമാറുന്ന രീതിയിലുള്ള ആസൂത്രിത നീക്കങ്ങൾ തടയുകയാണ് പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യം. വാർത്താസമ്മേളനത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ഒരാഴ്ച പിന്നിടുമ്പോൾ ഇതുവരെയുള്ള ക്രമീകരണങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങളിലൂടെ മാത്രം തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നത് തിരക്ക് നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്.
പണമിടപാടുകൾ പൂർണമായും ഡിജിറ്റലാക്കിയതിലൂടെ വരുമാന ചോർച്ച തടയാൻ കഴിഞ്ഞു. ഇത് ദേവസ്വം ബോർഡിന്റെ ആകെ വരുമാനത്തിൽ വർധനയുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്നിധാനത്തും പരിസരത്തും ശുചിത്വം ഉറപ്പാക്കാൻ കഴിഞ്ഞതും നേട്ടമാണ്.
നിലയ്ക്കലിൽ വാഹന പാർക്കിങ് ക്രമീകരണങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒരേസമയം 12,000 വാഹനങ്ങൾ വരെ ഇവിടെ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. പാർക്ക് ചെയ്ത സ്ഥലത്തേക്ക് തീർത്ഥാടകർക്ക് എളുപ്പത്തിൽ എത്താൻ നിലയ്ക്കലിൽ നിന്നുള്ള കെഎസ്ആർടിസി സർക്കുലർ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.


