കൊച്ചി: മലപ്പുറത്ത് ഫെയർനസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് വിദ്യാർഥിനിയുടെ വൃക്ക തകരാറിലായ സംഭവത്തിൽ എഫ് ട്യൂൺ ഫെയ്സ് ക്രീമിനെതിരായ അന്വേഷണം ശക്തമാക്കി. ക്രീമിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ അടച്ചുപൂട്ടി. പരസ്യങ്ങളിൽ നൽകിയിരുന്ന ഫോൺ നമ്പറുകളും നിലവിൽ പ്രവർത്തനരഹിതമാണ്. നമ്പറുകളുടെ ഉടമകളെ കണ്ടെത്തുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് സൈബർ സെല്ലിന് കത്ത് നൽകി. വിദ്യാർഥിനിയുടെ പരാതിയിൽ വിശദമായ മൊഴിയും വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വ്യാജ ഫെയർനസ് ക്രീമുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ പൊലീസും ഡ്രഗ്സ് കൺട്രോൾ വകുപ്പും പരിശോധനകൾ നടത്തിയിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ.
എഫ് ട്യൂണുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ നാല് ഫോൺ നമ്പറുകളാണ് നൽകിയിരുന്നത്. ഇതിൽ പ്രധാന കണ്ണിയെന്ന് കരുതുന്ന കാസർകോട് സ്വദേശിനിയുടെ നമ്പറും ഇപ്പോൾ പ്രവർത്തനരഹിതമാണ്. അന്വേഷണ സംഘത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഔദ്യോഗിക വെബ്സൈറ്റുകൾ അടച്ചുപൂട്ടിയതെന്നാണ് വിവരം. എന്നാൽ ക്രീമിന്റെ പരസ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന നമ്പറുകളുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോട് കേന്ദ്രീകരിച്ചും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഈ രണ്ട് ജില്ലകളിലാണ് ഇത്തരം ഫെയർനസ് ക്രീമുകൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതെന്നാണ് കണ്ടെത്തൽ. ക്രീമുകൾ വിപണിയിലെത്തിക്കുന്ന വഴികൾ കണ്ടെത്തി വിൽപന പൂർണമായും തടയുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. എന്നാൽ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ എഫ് ട്യൂൺ ക്രീം ഇപ്പോഴും വിൽപനയ്ക്ക് ലഭ്യമാണെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
നേരത്തെയും ഇത്തരം ക്രീമുകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. വിദേശത്തുനിന്ന് ബൾക്കായി എത്തിക്കുന്ന ക്രീമുകൾ ഇന്ത്യയിൽ വെച്ച് വീണ്ടും പാക്ക് ചെയ്ത് വിവിധ ബ്രാൻഡുകളുടെ പേരിൽ വിൽക്കുന്നതായാണ് അന്ന് കണ്ടെത്തിയത്. എന്നാൽ പാക്കിങ് നടത്തുന്നത് ആരാണെന്നോ ഉൽപന്നങ്ങളുടെ ഉടമസ്ഥാവകാശവും വിപണനാവകാശവും ആർക്കാണെന്നോ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. നേരത്തെ വിറ്റഴിച്ചിരുന്ന അതേ ക്രീമുകൾ ഇപ്പോൾ മറ്റ് ബ്രാൻഡുകളുടെ പേരിൽ വിപണിയിലെത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിലെ സംഭവത്തിലും ക്രീമുകളുടെ പാക്കിങ് കേന്ദ്രങ്ങൾ കാസർകോടാണെന്നാണ് കണ്ടെത്തൽ. ദുബായ്, പാകിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽനിന്ന് ബൾക്കായി എത്തിക്കുന്ന ക്രീമുകൾ കാസർകോട് വെച്ച് വീണ്ടും പാക്ക് ചെയ്യുകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.


