കോൺഗ്രസിലെ ഗ്രൂപ്പ് പോരും നേതാക്കൾ തമ്മിലുള്ള വാക്പോരും തെരുവിലേക്ക് വ്യാപിക്കുന്നു. ഷാഫി പറമ്പിലിന് വേണ്ടി തലങ്ങും വിലങ്ങും ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുമ്പോൾ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്കാത്തളം വെക്കാൻ നെല്ലിക്ക കൊറിയറായി വരെ അയച്ചു കൊടുത്ത കോൺഗ്രസുകാരുണ്ട്. ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ആലപ്പുഴയിലും പാലക്കാട്ടുമാണ് ഇതുവരെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിലാണ് ഈ ഫ്ളക്സുകൾ.
മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി ആരാകുമെന്ന തരത്തിൽ വി ഡി സതീശനെയും കെ സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചായിരുന്നു ഇത്തരത്തിലുള്ള ഫ്ലക്സ് യുദ്ധം കണ്ടത്. ഈ അഞ്ച് വർഷം പലപ്പോഴായി ഇങ്ങനെ തെരവ് യുദ്ധങ്ങൾ പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും ആറ് മാസങ്ങൾക്കുള്ളിൽ തന്നെ പൊട്ടിത്തെറിയുണ്ടാകുമെന്ന് ആരും കരുതിക്കാണില്ല.
ഇപ്പോഴിതാ ദില്ലിയിലെത്തിയ മന്ത്രി സണ്ണി ജോസഫ് ഈ വിഷയത്തിൽ പ്രതികരിക്കാതിരുന്നതും ശ്രദ്ധേയമായിട്ടുണ്ട്. അല്ലെങ്കിലും KPCC അധ്യക്ഷൻ എന്ന ഒരു ആലങ്കാരിക പദവിയുണ്ട് എന്നതല്ലാതെ സ്വന്തം വകുപ്പിൽ നടക്കുന്നത് പോലും അറിയാത്ത സണ്ണി ജോസഫ് ഇത്രയും ഗൗരവകരമായ വിഷയത്തിൽ എന്ത് പ്രതികരിക്കാൻ. ഫ്ളക്സ് യുദ്ധം അങ്ങ് കേരളത്തിലല്ലേ, ഞാനിപ്പോൾ ഡൽഹിയിലാണെന്ന മട്ടായിരുന്നു മറുപടിയിൽ. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ടെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.
നിലവിൽ കോൺഗ്രസ് മറ്റ് ഗ്രൂപ്പ് പോരുകൾ മാറ്റിവെച്ച് ഷാഫിക്കും ഉണ്ണിത്താനും പിന്നിൽ അണിനിരക്കുന്ന തിരക്കിലാണ് നേതാക്കളെല്ലാം, പ്രത്യേകിച്ച് യുവ നേതാക്കളുടെയെല്ലാം പിന്തുണ ഷാഫിക്കാണെന്ന് എടുത്ത് പറയണം. പാലക്കാട് എംപി രമേഷ് പിഷാരടിയാണ് അക്കൂട്ടത്തിലെ ലേറ്റസ്റ്റ് അഡീഷൻ. ഇടതുപക്ഷത്തിന് അനുകൂലമായിരുന്ന പാലക്കാട് മണ്ഡലത്തെ കോൺഗ്രസിന്റെ ഉറച്ച സീറ്റാക്കി മാറ്റിയതിന്റെ മുഴുവൻ ക്രെഡിറ്റും ഷാഫിക്കാണെന്നാണ് പിഷാരടി പറയുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നിർദേശപ്രകാരം പ്രിയപ്പെട്ട പാലക്കാടിനെ വിട്ട് നിറകണ്ണുകളോടെയാണ് ഷാഫി വടകരയിലേക്ക് വണ്ടികയറിയത്. അന്ന് വടകരയിലേക്ക് പോകാതിരുന്നെങ്കിൽ ഇന്ന് ഷാഫി കേരളത്തിൽ മന്ത്രിയാകുമായിരുന്നു. എന്നാൽ, പദവികളേക്കാൾ അദ്ദേഹം പ്രസ്ഥാനത്തെയാണ് സ്നേഹിച്ചതത്രേ. ഒപ്പം മുഖ്യമന്ത്രിക്കെതിരെ ഒരു ഒളിയമ്പും പിഷാരടി എറിയുന്നുണ്ട്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖവും മുഴക്കവുമായത് ഷാഫിയാണെന്നാണ് പിഷാരടി പറയുന്നത്. ഇതോടെ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക നേരിട്ടുവെന്ന വി ഡി സതീശൻ്റെ അവകാശ വാദത്തിനും ഇത് തിരിച്ചടിയായിരിക്കുകയാണ്.
ഷാഫി പൊട്ടൻഷ്യലുള്ള നല്ല നേതാവാണെന്നും ഫ്ലക്സ് വെക്കേണ്ട ആവശ്യമില്ലെന്നുമാണ് മന്ത്രി ടി സിദ്ധിഖ് പറഞ്ഞത്. നേതാക്കൾ തന്നെ ഇങ്ങനെ ചേരിപ്പോരിൽ ആണെങ്കിൽ പിന്നെ സാധാരണ പ്രവർത്തകരുടെ കാര്യം പറയേണ്ടതില്ലല്ലോ. യുദ്ധം മന്ത്രി മന്ദിരങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും തെരുവിലേക്ക് പടരാൻ അധികം സമയമെടുത്തില്ല.
വിവാദങ്ങളുടെ മൂന്നാം ദിവസം കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ഗ്രൂപ്പ് പോരും ഫ്ലക്സ് യുദ്ധവും വീണ്ടും മുറുകി. കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല” എന്ന വാചകങ്ങളോടെയാണ് കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും യൂത്ത് കോൺഗ്രസിന്റെ പേരിൽ ഷാഫിക്ക് അനുകൂലമായ തരത്തിലുള്ള ബോർഡുകൾ ഉയർന്നിരുന്നത്.
കാസർകോട് തൃക്കരിപ്പൂരിൽ ഷാഫി പറമ്പിൽ അനുകൂല ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ”കുരയ്ക്കുന്നവരുടെ ശബ്‌ദം അല്ല നടന്നു തീർത്ത വഴികളാണ് ഒരാളുടെ വില നിശ്ചയിക്കുന്നത്. കാലം തെളിയിച്ച പോരാട്ട വീര്യത്തെ തകർക്കാനാവില്ല. എറിഞ്ഞ കല്ലുകൾ എണ്ണിയിരിക്കാൻ അല്ല മുന്നോട്ടു യാത്ര തുടരാനാണ് അയാൾ പഠിച്ചത് എന്നും ബോർഡിൽ ഉണ്ട്.” എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. പാലക്കാട് യൂത്ത് കോൺഗ്രസ്, കെഎസ്‍യു സംഘടനകളുടെ പേരിൽ സ്ഥാപിച്ച ഫ്ലെക്സിൽ നോവിച്ചാൽ നോക്കിയിരിക്കില്ലെന്നും പാലക്കാടിന്റെ ഹൃദയത്തിലാണു ഷാഫിയെന്നുമാണ് എഴുത്ത്.
കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിലടക്കമാണ് കഴിഞ്ഞ ദിവസം രാത്രി ഫ്ലക്സുകൾ സ്ഥാപിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ ഡിസിസി ഓഫീസ് ജീവനക്കാർ രാവിലെ തന്നെ ഫ്ലക്സ് എടുത്തുമാറ്റി. ഡിസിസി ഓഫീസിന് പുറമെ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലും വടകരയിലും യൂത്ത് കോൺഗ്രസിന്റെ പേരിൽ ഫ്ലക്സുകൾ ഉയർന്നിട്ടുണ്ട്.
‘പ്രവർത്തകർക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര, ആ ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’ എന്നാണ് കോഴിക്കോട്ടെ ഫ്ലക്സുകളിൽ എഴുതിയിരിക്കുന്നത്. ഒരു വർഷം മുൻപ് പേരാമ്പ്രയിൽ പൊലീസുമായി ഉണ്ടായ സംഘർഷത്തിൽ ഷാഫിയുടെ മൂക്കിന് പരിക്കേറ്റ് ചോരയൊലിക്കുന്ന ചിത്രം ഉപയോഗിച്ചാണ് ഫ്ലക്സുകൾ തയ്യാറാക്കിയിരിക്കുന്നത്.
ഇന്നലെയായിരുന്നു ഉണ്ണിത്താൻ എംപിക്ക് കോൺഗ്രസ് പ്രവർത്തകർ നെല്ലിക്ക കൊറിയർ വഴി അയച്ചുകൊടുത്തത്. പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് എംപിക്ക് നെല്ലിക്ക പാഴ്‌സൽ ചെയ്തു നൽകിയത്. ഷാഫി പറമ്പിലിനെ കുറിച്ച് പരസ്യമായ വിവാദപ്രസ്‌താവനകൾ നടത്തിയതിനെ തുടർന്നാണ് പ്രതിഷേധം. കാസർകോട്ടെ പ്രവർത്തകരുടെ വിയർപ്പാണ് താങ്കളുടെ എംപി സ്ഥാനമെന്നും അതു മറക്കരുതെന്നും ഷാഫിയുടെ ജനപിന്തുണ കണ്ടു മാനസികനില തെറ്റിയ താങ്കൾ ദിവസവും 3 നേരം തലയിൽ നെല്ലിക്കാത്തളം പ്രയോഗിക്കണമെന്നുമുള്ള കുറിപ്പും ഒപ്പമുണ്ട്. പരസ്പര വൈര്യം എത്രത്തോളം കനത്തതാണെന്ന തെളിവാണ് ഈ പ്രവൃത്തികളെല്ലാം നൽകുന്നത്.
പക്ഷേ, തൽക്കാലം ഒന്ന് അടങ്ങിയ മട്ടാണ് ഉണ്ണിത്താന്. വിവാദങ്ങൾ ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല എന്നായിരുന്നു ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി. പരിപാടികളുമായി തിരക്കിലാണെന്നും എല്ലാം പിന്നീട് പറയാമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു. നെല്ലിക്ക പാഴ്സൽ വിഷയത്തിലും അദ്ദേഹം ഒന്നും പ്രതികരിക്കാൻ നിന്നില്ല. പക്ഷേ, വേറെയൊരു കാര്യം പറഞ്ഞു. താൻ വിഡി സതീശന്റെ ചാവേറല്ലെന്നും ഷാഫി തനിക്കൊരു ഇരയേ അല്ലെന്നും.
അടങ്ങിയത് ഉണ്ണിത്താൻ മാത്രമാണ്, മകൻ ഉണ്ണിത്താൻ ഇപ്പോഴും കട്ടക്കലിപ്പിൽ തന്നെ. ആശാന്റെയും ശിഷ്യന്റെയും പിആർ ഏജൻസികളുടെ മാതൃകയിലും നിലവാരത്തിലും ആണ് സേവനം പ്രതീക്ഷിക്കുന്നത് എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് അമൽ ഉണ്ണിത്താൻ. നെല്ലിക്കാത്തളം അടക്കമുള്ള നാടകങ്ങളെല്ലാം ഷാഫിയുടേയും അടൂരിലെ അരുമ ശിഷ്യന്റേയും പിആർ നാടകങ്ങളാണെന്നാണ് അമൽ ആരോപിക്കുന്നത്. എത്ര വലിയ പിആർ ഏജൻസി ആയാലും കുറച്ചു നിഷ്കളങ്കരായ മനുഷ്യരെ കബളിപ്പിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ എല്ലാവരെയും എല്ലാകാലത്തും കബളിപ്പിക്കാമെന്ന് കരുതി ഫ്ലക്സ് കളയരുത്. ഫ്ലക്സിന് ആയുസ്സ് കുറവാണ്. സത്യത്തിന് കാലാവധി ഇല്ല എന്നും ഉണ്ണിത്താന്റെ മകൻ കുറിച്ചു.
ഏതെങ്കിലും ഒരു ഇംഗ്ലീഷ് അക്ഷരത്തിന്റെയോ നേതാവിന്റെ പേരിന്റെയോ ബ്രാക്കറ്റ് വെച്ച് ഓരോ ദിവസവും പുതിയ പുതിയ ഗ്രൂപ്പുകൾ പൊട്ടിമുളക്കുന്നതാണല്ലോ കോൺഗ്രസിന്റെ ചരിത്രം തന്നെ. അതാണതിന്റെ സൗന്ദര്യശാസ്ത്രവും ഊർജതന്ത്രവു ജനാധിപത്യവുമെന്നെല്ലാം നേതാക്കൾ പറയുമെങ്കിലും ഗ്രൂപ്പ് രാഷ്ട്രീയം പരിധിവിട്ടപ്പോഴാണ് കോൺഗ്രസിനെ തന്നെ ജനങ്ങൾ ഭരണത്തിൽ നിന്ന് 10 വർഷത്തോളം മാറ്റിനിർത്തിയതെന്ന് ഓർത്താൽ കൊള്ളാം. അല്ലെങ്കിൽ തന്നെ 5 വർഷം ഭരണം തികയ്ക്കുമോ എന്ന് വിഡി സതീശന് പോലും ഉറപ്പില്ലാത്തപ്പോൾ പിന്നെ നമ്മളെന്ത് പറയാൻ…!


