തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിക്കാതിരുന്ന ‘ഭാരത് അരി’ ഇപ്പോൾ സപ്ലൈകോയ്ക്കു നൽകാൻ തീരുമാനം. വിലക്കയറ്റമുള്ള സാഹചര്യത്തിൽ വിപണിയിലെത്തിക്കാനായി സപ്ലൈകോ ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രസർക്കാരിന്റെ പ്രത്യേക ബ്രാൻഡ് അരി നൽകുന്നത്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഡൊമസ്റ്റിക്) പ്രകാരം, കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന അരി തേടിയാണ് സപ്ലൈകോ കേന്ദ്രത്തെ സമീപിച്ചതെങ്കിലും അതിന് പകരമായാണ് ‘ഭാരത് അരി’ നൽകാമെന്നു മറുപടി നൽകിയത്. ആവശ്യമായ അരിയുടെ അളവ് സംബന്ധിച്ച് സപ്ലൈകോ ഉടൻ കത്തുനൽകും. 360 രൂപ വിലവരുന്ന 10 കിലോഗ്രാമിന്റെ സഞ്ചിയിലാണ് (കിലോഗ്രാം വില 36 രൂപ) ഭാരത് അരി വിൽക്കുക. മുൻപ് ഉണ്ടായിരുന്ന സബ്സിഡി കേന്ദ്ര സർക്കാർ പൂർണമായി പിൻവലിച്ചതോടെ ഭാരത് അരിയുടെ വിലയിൽ കിലോഗ്രാമിന് 6 രൂപയുടെ വർധനയാണ് 2 വർഷത്തിനിടെ ഉണ്ടായത്.


