ഇടുക്കി: ചിന്നക്കനാലിൽ ഭീതി പടർത്തിയ കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യം മൂന്നാം ദിവസവും നിർത്തിവെച്ചു. വൈകിട്ട് നാലുമണിയോടെ മയക്കുവെടി വെച്ചെങ്കിലും ആന പൂർണമായി മയങ്ങാത്തതും ജലാശയത്തിലേക്ക് ഇറങ്ങിയതും ദൗത്യസംഘത്തെ പ്രതിസന്ധിയിലാക്കി.
ഏകദേശം അരമണിക്കൂറോളം വെള്ളത്തിൽ തുടർന്ന ആന പിന്നീട് കരയ്ക്ക് കയറി. പിന്നാലെ അക്രമാസക്തനായ ചക്കക്കൊമ്പൻ ദൗത്യസംഘത്തിന് നേരെയും തിരിഞ്ഞു. തുടർന്ന് ആനയെ ഉൾക്കാട്ടിലേക്ക് കയറ്റി വീണ്ടും മയക്കുവെടി വെക്കാനായിരുന്നു വനംവകുപ്പിന്റെ ശ്രമം. എന്നാൽ വെളിച്ചക്കുറവ് തിരിച്ചടിയായതോടെ ദൗത്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദൗത്യം ഉണ്ടാകില്ലെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) അറിയിച്ചു. ഇതോടെ തുടർച്ചയായ മൂന്നാം ദിവസവും ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ശ്രമം പാതിവഴിയിൽ അവസാനിച്ചു.
അതേസമയം, ചക്കക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യം താൽക്കാലികമായി തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിലെ സാങ്കേതിക പിഴവുകൾ തിരുത്തി വീണ്ടും സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. സംഘടനയുടെ രജിസ്ട്രേഷൻ നമ്പർ സീലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതടക്കം നിരവധി പിഴവുകളാണ് കോടതി ചൂണ്ടിക്കാട്ടിയത്.
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിയ, ജസ്റ്റിസ് ഫോർ സിറ്റിസൺ എന്നീ സംഘടനകളാണ് ഹർജി നൽകിയത്. ചക്കക്കൊമ്പനെ ശാസ്ത്രീയമായ രീതിയിലല്ല മയക്കുവെടി വെക്കുന്നതെന്നും അരിക്കൊമ്പന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ വനംവകുപ്പ് ലഭ്യമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം.


