ന്യൂഡല്‍ഹി: രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കവുമായാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മണ്ഡലപുനർനിർണയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രതികരിച്ചത്. രാജ്യം ഭയപ്പെട്ടത് സംഭവിക്കാന്‍ പോവുകയാണ്. വനിതാ സംവരണത്തിന്റെ പേരില്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ പാസ്സാക്കാന്‍ വേണ്ടി നവംബര്‍ 30ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരാന്‍ പോവുകയാണ് -ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം സംഘടിപ്പിക്കാന്‍ വേണ്ടി അവിശുദ്ധമായ ഒരുപാട് മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി. എല്ലാറ്റിനും കാര്‍മ്മികത്വം വഹിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ഇപ്പോഴത്തെ രൂപത്തില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അടുത്ത തവണ തോല്‍ക്കുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് ഭരണകക്ഷിക്ക് മുന്‍തൂക്കമുള്ള ഇടങ്ങളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലായാല്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരിക്കും. ആരൊക്കെ ബിജെപിയുടെ മാനിപുലേഷനും കുതന്ത്രങ്ങള്‍ക്കും വിധേയമായാലും ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കും.


