ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിൽ ഭീകരാക്രമണ പദ്ധതി തകർത്തതായി സുരക്ഷാ ഏജൻസികൾ. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ‘ഉമർ’ എന്നറിയപ്പെടുന്നയാൾ പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുകയും ഭീകരാക്രമണങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് ഇയാൾക്കെതിരായ ആരോപണം.
വാട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി ഇയാൾ നിരവധി യുവാക്കളുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുകയും ഭീകരപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തെന്നാണ് കണ്ടെത്തൽ. സമൂഹമാധ്യമങ്ങളിൽ ‘ഉമർ’ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഇത് യഥാർഥ പേരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അറസ്റ്റിലായ പ്രതിയെ പിന്നീട് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിന് കൈമാറി. ഗുജറാത്തിലെ വഡോദരയിൽനിന്ന് എ.കെ-47 റൈഫിളുമായി അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് പ്രവർത്തകനുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ പിന്തുണയുള്ള ഭീകരസംഘടനയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ശൃംഖലയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രതിയുമായി ബന്ധമുള്ള നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും കൂടുതൽ അറസ്റ്റുകൾ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പാകിസ്താനിലുള്ളതായി കരുതുന്ന ഇയാളുടെ ഹാൻഡ്ലറെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. കഴിഞ്ഞ വർഷം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് സമാനമായ ആക്രമണം ആവർത്തിക്കാൻ പാക് പിന്തുണയുള്ള ഭീകരസംഘം പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, വെള്ളിയാഴ്ച ഗുജറാത്തിലെ വഡോദരയിൽനിന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്ത ജെയ്ഷെ മുഹമ്മദ് പ്രവർത്തകനുമായുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്. അസം സ്വദേശിയായ എം.ഡി. സഹാറുൽ ഇസ്ലാമിനെയാണ് ജാറോഡ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് എ.കെ-47 റൈഫിളും 23 ലൈവ് കാട്രിഡ്ജുകളും പിടിച്ചെടുത്തിരുന്നു.
അനധികൃതമായി ആയുധം കൈവശംവെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു വഡോദരയിൽ എ.ടി.എസ് പരിശോധന നടത്തിയത്. ജെയ്ഷെ മുഹമ്മദുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് എ.ടി.എസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധങ്ങൾ എവിടെനിന്ന് ലഭിച്ചുവെന്നും ആർക്കുവേണ്ടിയാണ് എത്തിച്ചതെന്നും കണ്ടെത്താൻ ചോദ്യംചെയ്യൽ തുടരുകയാണ്.
ഇരുവരും തമ്മിൽ ബന്ധമുണ്ടോയെന്നും ജെയ്ഷെ മുഹമ്മദിന്റെ വിപുലമായ റിക്രൂട്ട്മെന്റ് ശൃംഖലയിലോ ഭീകരപ്രവർത്തന പദ്ധതികളിലോ പങ്കാളികളാണോയെന്നും ഡൽഹി പൊലീസ് അന്വേഷിച്ചുവരികയാണ്.


