ന്യൂഡൽഹി: പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലേരി ഇന്റർനാഷണലിനെതിരെ വീണ്ടും പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകി എഫ്എസ്എസ്എഐ. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ കമ്പനിയുടെ തേലിപ്പാറ പ്ലാന്റിൽനിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ജൂലൈയിൽ ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പ്രാഥമിക ലബോറട്ടറി പരിശോധനയിലും തുടർപരിശോധനയ്ക്കായി റഫറൽ ഫുഡ് ലബോറട്ടറിയിൽ അയച്ച സാമ്പിളുകളിലും ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ PB201 ബാച്ചിലുള്ള കുപ്പിവെള്ളത്തിന്റെ വിൽപ്പന നിരോധിക്കുകയും ചെയ്തിരുന്നു.
അടുത്തിടെ ഗോവയിലെ ബിസ്ലേരി പ്ലാന്റിൽനിന്നുള്ള സാമ്പിളിൽ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നും എഫ്എസ്എസ്എഐ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിക്കെതിരെ വീണ്ടും നടപടി.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ബിസ്ലേരി രംഗത്തെത്തി. ജൽപായ്ഗുരി പ്ലാന്റിൽ നിർമിച്ച PB201 ബാച്ചിലെ കുപ്പിവെള്ളം എഫ്എസ്എസ്എഐയുടെ നിർദേശപ്രകാരം 2026 ഓഗസ്റ്റ് 12-ന് തന്നെ വിപണിയിൽനിന്ന് പൂർണമായും പിൻവലിച്ചിരുന്നുവെന്ന് കമ്പനി അറിയിച്ചു.
ഇതേ ബാച്ചിലെ സാമ്പിളുകൾ എഫ്എസ്എസ്എഐ അംഗീകാരമുള്ള രണ്ട് സ്വതന്ത്ര ലബോറട്ടറികളിൽ പരിശോധിച്ചിരുന്നുവെന്നും പരിശോധനയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയില്ലെന്നും കമ്പനി അവകാശപ്പെട്ടു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ബിസ്ലേരി വ്യക്തമാക്കി.
ഔദ്യോഗിക പരിശോധനാ ഫലങ്ങളും സ്വതന്ത്ര ലബോറട്ടറികളുടെ പരിശോധനാ ഫലങ്ങളും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി വിഷയത്തിൽ പുനഃപരിശോധന നടത്തണമെന്ന് ബിസ്ലേരി എഫ്എസ്എസ്എഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, പരിശോധനാ ഫലങ്ങളുമായി ബന്ധപ്പെട്ട തർക്കത്തിൽ അന്തിമ വ്യക്തത വരേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തുടർനടപടികളും കമ്പനിയുടെ പുനഃപരിശോധനാ ആവശ്യവും ഇനി നിർണായകമാകും.


