തിരുവനന്തപുരം: മണ്ഡല പുനർനിർണയ ബില്ലിൽ എൻസിപി ഇതുവരെ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ദേശീയ വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ. ബിൽ പാർലമെന്റിൽ അവതരിപ്പിക്കട്ടെയെന്നും അതിനുശേഷം പാർട്ടിയുടെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെക്കുറിച്ച് എൻസിപി നിലപാട് വ്യക്തമാക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും പി.സി. ചാക്കോ വ്യക്തമാക്കി. ബില്ലിന്റെ പഴയ രൂപത്തെ എൻസിപി പിന്തുണയ്ക്കില്ല. എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യനീതി ഉറപ്പാക്കുന്ന രീതിയിലാണ് ബിൽ അവതരിപ്പിക്കുന്നതെങ്കിൽ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി ബിജെപിക്കൊപ്പം പോയെന്ന പ്രചാരണവും പി.സി. ചാക്കോ തള്ളി. ദേശീയതലത്തിൽ പാർട്ടി ഇന്ത്യ മുന്നണിക്കൊപ്പവും കേരളത്തിൽ എൽഡിഎഫിനൊപ്പവുമാണ്. പാർട്ടിയുടെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെയും ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് പി.സി. ചാക്കോയുടെ പ്രതികരണം. ബില്ലിന്റെ ഉള്ളടക്കം പുറത്തുവന്നതിനുശേഷം സംസ്ഥാനങ്ങളുടെ താൽപര്യങ്ങളും തുല്യനീതിയും ഉറപ്പാക്കുന്നുണ്ടോയെന്ന് പരിശോധിച്ചായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


