ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഝാർഖണ്ഡിലെ ഹസാരിബാഗിലാണ് ഇയാൾ പിടിയിലായത്. സി.ബി.ഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹിന്ദി ദിനപത്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന ജമാലുദ്ദീൻ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒയാസിസ് സ്കൂളിലെ പ്രിൻസിപ്പലുമായും വൈസ് പ്രിൻസിപ്പിലുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഏഴിടങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി.ഗോധ്ര, ഖേഢ, അഹമ്മദാബാദ്, ആനന്ദ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗോധ്ര പൊലീസും കേസെടുത്തിരുന്നു.ജൂൺ 23നാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ജൂൺ 27ന് കേസിൽ ആദ്യ അറസ്റ്റ് നടത്തുകയും ചെയ്തു. പട്നയിൽ അശുതോഷ് കുമാർ, മനീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
എൻ.ടി.എ നടത്തിയ നീറ്റ് യു.ജി പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. പ്രതിപക്ഷ വിദ്യാർഥി-യുവജന സംഘടനകൾ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പരീക്ഷ റദ്ദാക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാനപ്പെട്ട ആവശ്യം.


