മലപ്പുറം: വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഖുശ്ബു വന്നിട്ടും കാര്യമില്ലെന്ന് ഏറനാട് എംഎല്‍എ പികെ ബഷീര്‍. കാരണം വയനാട്ടില്‍ നടക്കുന്നത് സൗന്ദര്യ മത്സരമല്ലെന്നും പികെ ബഷീര്‍ പരിഹസിച്ചു. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിപ്പിക്കാന്‍ ബിജെപി ഖുശ്ബുവിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേന്ദ്ര നേത്യത്വം സംസ്ഥാന നേത്യത്വത്തോട് ഖുശ്ബുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് പികെ ബഷീറിന്റെ പ്രതികരണം.
എകെജി മത്സരിച്ച മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത ഗതികേടില്‍ സിപിഐഎം എത്തിയെന്നും പികെ ബഷീര്‍ പറഞ്ഞു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് കൊട്ടക്കണക്കിന് വോട്ട് കിട്ടും. ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് സരിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഐഎമ്മിന് നാണക്കേടാണ്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പിച്ച ഭൂരിപക്ഷം നേടുമെന്നും പികെ ബഷീര്‍ കൂട്ടിച്ചേര്‍ത്തു.


