കൊച്ചി: കെഎസ്ആർടിസിയിൽ ബജറ്റ് ടൂറിസത്തിന്റെ മറവിൽ തട്ടിപ്പ്. എറണാകുളം യൂണിറ്റിലെ ജീവനക്കാരനും സിഐടിയു നേതാവുമായ പി ബി സിറാജുദ്ദീനെ ആണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെഎസ്ആർടിസിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ ആസൂത്രണം ചെയ്ത ബജറ്റ് ടൂറിസം പദ്ധതിയെ ആണ് ഭരണപക്ഷ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതാവ് ഇത്തരത്തിൽ തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത്.
എറണാകുളം യൂണിറ്റിലെ ബജറ്റ് ടൂറിസത്തിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. ഇയാൾക്കെതിരെ നിരവധി പരാതികൾ പല ഘട്ടങ്ങളിലും ഉയർന്നുവന്നെങ്കിലും രേഖാമൂലമുള്ള പരാതികളായി അത് മാറിയിരുന്നില്ല. കഴിഞ്ഞ ജനുവരി മാസം അഞ്ചാം തീയതി കാന്തല്ലൂരിലേക്കുള്ള ഉല്ലാസയാത്രയുമായി ബന്ധപ്പെട്ടാണ് രേഖമൂലമുള്ള ആദ്യ പരാതി ഉയരുന്നത്. ഉല്ലാസയാത്രയിൽ പങ്കെടുക്കുന്നതിനായി രണ്ടു കുടുംബങ്ങൾ കെഎസ്ആർടിസി സ്റ്റേഷനിൽ എത്തുപ്പോഴായിരുന്നു ഉല്ലാസയാത്ര ക്യാൻസൽ ചെയ്തതായി അവർ അറിയുന്നത്. ഇതേ തുടർന്ന് കൂട്ടരും പരാതി നൽകുകയായിരുന്നു.
പ്രധാനമായും ഇയാൾ സാമ്പത്തിക ഇടപാടുകൾ ഒക്കെ നടത്തിയത് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ആയിരുന്നു. ഗൂഗിൾ പേ വഴിയാണ് പലതരിൽ നിന്നും പണം വാങ്ങിയത്. സ്വന്തംനിലയിൽ പണം കൈപ്പറ്റി തിരിമറി നടത്തുന്ന രീതിയായിരുന്നു ഇയാൾ പിന്തുടർന്നത്. അതോടൊപ്പം തന്നെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ മറ്റുള്ളവർക്ക് നൽകി ആ പണം കണക്കിൽ രേഖപ്പെടുത്താതെ തട്ടിയെടുത്തെന്നും ആരോപണമുണ്ട്. കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് മാത്രമേ പണം സ്വീകരിക്കാവൂ എന്ന് കർശന ഇയാൾ സ്വന്തം നിലയിൽ വ്യാപകമായി പണം കൈപ്പറ്റിയത്.






