തിരുവനന്തപുരം: കർണാടകയിൽ എക്സ്പ്രസ് ഹൈവേയിലൂടെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ്. ബസിന്റെ മുൻവശത്തെ ചില്ലിലേക്ക് മുട്ട എറിഞ്ഞതോടെ ഡ്രൈവറുടെ കാഴ്ച മറഞ്ഞെങ്കിലും നിയന്ത്രണം നഷ്ടപ്പെടാതെ ബസ് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ 9.15ഓടെ ബിഡദിയിൽ വച്ചാണ് സംഭവം. എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ ബസിന്റെ മുൻവശത്തെ ചില്ലിലേക്ക് മൂന്ന് മുട്ടകൾ എറിയുകയായിരുന്നു.
മുട്ട പൊട്ടിയതോടെ മുൻവശത്തെ രണ്ട് ചില്ലുകളും കാഴ്ച മറയ്ക്കുന്ന തരത്തിൽ മലിനമായി. ഡ്രൈവർ വേഗത കുറച്ച് മനസ്സാന്നിധ്യത്തോടെ ബസ് റോഡരികിലേക്ക് ഒതുക്കി നിർത്തുകയായിരുന്നു. ബസിൽ അറുപതിലേറെ യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിൽ അട്ടിമറി സംശയിച്ച് കെഎസ്ആർടിസി ബിഡദി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കർണാടക ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
ഇതേ റോഡിൽ സ്വകാര്യ വാഹനങ്ങൾക്കും മുമ്പ് പലതവണ മുട്ടയേറ് ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ലോറിയിൽ മടങ്ങുന്നതിനിടെ വാഹനത്തിന്റെ ഗ്ലാസിലേക്ക് മുട്ട എറിഞ്ഞതായി കോഴിക്കോട് സ്വദേശി നിസാമും പറഞ്ഞു. ആക്രമിക്കാനുള്ള ശ്രമമാണെന്ന് സംശയിച്ചെങ്കിലും വാഹനം നിർത്താതെ മുന്നോട്ട് പോയതിനാൽ രക്ഷപ്പെട്ടെന്നും നിസാം പറഞ്ഞു.


