ഇടുക്കി: ഇരട്ടയാറിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. സുഹൃത്തിന്റെ മർദനമേറ്റ് വയലുങ്കൽ സ്വദേശി രാഹുൽ സണ്ണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ ചക്കക്കാനം വള്ളോപ്പള്ളി സ്വദേശി സജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കം കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. തുടർന്ന് രാഹുലിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം കഴുത്തിൽ തുണി കെട്ടി മുറുക്കിയാണ് സജയൻ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് അതിവേഗം പിടികൂടുകയായിരുന്നു. സംഭവസ്ഥലത്ത് കൂടുതൽ അന്വേഷണം തുടരുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.




