കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിലെ ഒരു താമസസ്ഥലത്ത് ഏഷ്യൻ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
താമസമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിലെ മറ്റൊരു താമസക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
മരിച്ച വ്യക്തിക്കൊപ്പം താമസിച്ചിരുന്ന സിറിയൻ പൗരനും മറ്റൊരു താമസക്കാരനുമാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ മന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.
ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടോ, യഥാർത്ഥ കാരണം എന്താണെന്നു കണ്ടെത്തുന്നതിനായി മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.




