തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഇപ്പോൾ തിടുക്കമില്ലെന്നും മേയ് 4ന് ശേഷം ഇതിൽ തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എത്ര സീറ്റുകൾ ലഭിച്ചുവെന്ന് വിലയിരുത്തി, ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് 24 മണിക്കൂറിനുള്ളിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ എംഎൽഎമാരുടെ അഭിപ്രായത്തോടൊപ്പം എംപിമാരുടെ അഭിപ്രായവും പരിഗണിക്കുമെന്നും മുരളീധരൻ പറഞ്ഞു. എംപിമാരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കെപിസിസി അധ്യക്ഷന്റെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് തനിക്കും അഭിപ്രായമുണ്ടെങ്കിലും അത് മേയ് 4ന് ശേഷമേ തുറന്ന് പറയുകയുള്ളൂവെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്ത് ടേം വ്യവസ്ഥകളൊന്നുമില്ലെന്നും ഒരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന നേതാവ് അഞ്ച് വർഷം മുഴുവൻ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കേണ്ടത് യുഡിഎഫിന്റെ ചുമതലയല്ലെന്നും അത് എൽഡിഎഫിന്റെ കാര്യമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.




