കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഡോക്ടർ എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വീഴ്ചയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടി ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് തലശേരി എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയെ കോടതി നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടി. സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അറസ്റ്റിന്റെ കാരണം പ്രതിയെ വാക്കാൽ ബോധ്യപ്പെടുത്തിയിരുന്നുവെന്നാണ് ഉദ്യോഗസ്ഥൻ കോടതിയിൽ വിശദീകരിച്ചത്.
ഡിവൈഎസ്പിയുടെ രേഖാമൂലമുള്ള വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഡോക്ടർ എം.കെ. റാമിന്റെ ഭാര്യയ്ക്ക് പുതിയ ഗ്രൗണ്ട് ഓഫ് അറസ്റ്റ് റിപ്പോർട്ട് കൈമാറിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
അറസ്റ്റ് നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയത്. കേസിൽ തുടർ നടപടികൾ കോടതി പരിശോധിച്ചുവരികയാണ്.


