ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്റീനിയൻ ആരാധകർ. ഫൈനൽ മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങൾ ഏകപക്ഷീയമായിരുന്നുവെന്ന് ആരോപിച്ച് ഫിഫയ്ക്ക് മുന്നിൽ ഓൺലൈൻ ഹർജി സമർപ്പിച്ചിരിക്കുകയാണ് ആരാധകർ.
‘ചേഞ്ച് ഡോട്ട് ഓർഗ്’ പ്ലാറ്റ്‌ഫോമിൽ ജിസെല സാഞ്ചസ് ആരംഭിച്ച ഹർജിയിൽ ഇതിനോടകം 80,000ത്തിലധികം പേർ ഒപ്പുവെച്ചിട്ടുണ്ട്. മത്സരം നിയന്ത്രിച്ച സ്ലൊവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ചിന്റെ ചില തീരുമാനങ്ങൾ മത്സരഫലത്തെ നേരിട്ട് സ്വാധീനിച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
പ്രത്യേകിച്ച് എൻസോ ഫെർണാണ്ടസിന് നൽകിയ രണ്ടാം മഞ്ഞക്കാർഡും തുടർന്നുള്ള ചുവപ്പ് കാർഡും തെറ്റായ തീരുമാനമായിരുന്നുവെന്നാണ് ആരാധകരുടെ വാദം. ഫിഫ റഫറിയിങ്ങിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നും, നിഷ്പക്ഷനായ മറ്റൊരു റഫറിയുടെ നേതൃത്വത്തിൽ മത്സരം പുനഃസംഘടിപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഇത് അർജന്റീനയ്ക്ക് വേണ്ടി മാത്രമല്ല, ഫുട്ബോളിന്റെ ഭാവിയിലെ സുതാര്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് ഹർജി നൽകിയ ജിസെല സാഞ്ചസ് വ്യക്തമാക്കി.
അതേസമയം, അർജന്റീന പരിശീലകൻ ലയണൽ സ്കലോണി റഫറിയെ കുറ്റപ്പെടുത്താൻ തയ്യാറായില്ല. റഫറിയിങ് മോശമായിരുന്നുവെന്ന് കരുതുന്നില്ലെന്നും, സ്പെയിൻ മികച്ച പ്രകടനം പുറത്തെടുത്തതിനാലാണ് വിജയിച്ചതെന്നും സ്കലോണി പ്രതികരിച്ചു.
ആരാധകരുടെ ഹർജി സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നുണ്ടെങ്കിലും, ലോകകപ്പ് ഫൈനൽ വീണ്ടും നടത്താനുള്ള സാധ്യത വളരെ കുറവാണ്. ഓൺലൈൻ ഹർജികൾക്ക് ഫിഫയുടെ ഔദ്യോഗിക തീരുമാനങ്ങൾ മാറ്റാനുള്ള നിയമപരമായ അധികാരമില്ല. കളിക്കളത്തിൽ റഫറി എടുക്കുന്ന തീരുമാനങ്ങളാണ് സാധാരണയായി അന്തിമമായി കണക്കാക്കുന്നത്.
ഇതിന് മുമ്പ് സെമിഫൈനലിൽ സ്പെയിനിനോട് ഫ്രാൻസ് തോറ്റതിന് പിന്നാലെയും സമാനമായ രീതിയിൽ ഫ്രഞ്ച് ആരാധകർ ഓൺലൈൻ ഹർജി നൽകിയിരുന്നു. എന്നാൽ ഫിഫ അത് പരിഗണിച്ചിരുന്നില്ല.











