ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.
ഏകദേശം 250 ചതുരശ്ര യാര്‍ഡ് വിസ്തീര്‍ണ്ണമുള്ള ഒരു നില വീടാണ് സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നത്. അപകടത്തിനു പിന്നാലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിരിക്കാമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇതിനിടെ, സമീപകാലത്ത് ഷഹ്ദാരയിലെ അജിത് നഗറില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്ത്രീയും കുട്ടികളുമടക്കം നാല് പേര്‍ക്ക് പരിക്കേറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഗ്യാസ് ചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമെന്നാണ് സൂചന.






