കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി അണേൽ സ്വദേശിയായ ആദർശ് ആണ് അപകടത്തിൽപ്പെട്ടത്.എൽഐസി ഓഫീസിന് സമീപമാണ് സംഭവം നടന്നത്.
റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആദർശിന്റെ മേൽ റോഡരികിലെ വലിയ പേരാലിന്റെ കൊമ്പ് അപ്രതീക്ഷിതമായി പൊട്ടിവീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ ഉടൻ ഓടിയെത്തി യുവാവിനെ രക്ഷപ്പെടുത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടസമയത്ത് മരത്തിന് സമീപം നിരവധി ആളുകൾ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് അവർ ചിതറി ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായതായി നാട്ടുകാർ പറഞ്ഞു.






