കോട്ടയം: സഹോദരിയെ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടുവരുന്നതിനിടെ ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്. ശ്രീനാഥ് (22) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സഹോദരി ശ്രീലക്ഷ്മിയെ (27) ഗുരുതര പരിക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിന് സമീപമായിരുന്നു അപകടം.
എറണാകുളത്ത് ജോലിസ്ഥലത്ത് നിന്നും എത്തിയ ശ്രീലക്ഷ്മിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ ബൈക്കിലിടിക്കുകയും ഇരുവരെയും റോഡിലൂടെ നിരക്കി കൊണ്ടുപോവുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഇരുവരും അബോധാവസ്ഥയിലായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ ആംബുലൻസിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ശ്രീനാഥ് മരണമടഞ്ഞു.
കൊച്ചി ഇൻഫോസിറ്റിയിൽ ജീവനക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. വരാനിരിക്കുന്ന ഏപ്രിലിൽ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് കുടുംബത്തെ തളർത്തിയ ഈ ദുരന്തം സംഭവിച്ചത്.




