ന്യൂഡൽഹി: പ്രവർത്തന ചെലവ് കുത്തനെ ഉയർന്നതിനെ തുടർന്ന് എയർ ഇന്ത്യ വിമാന സർവീസുകൾ വീണ്ടും വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധന വില ഉയർന്നതും വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങളും കമ്പനിക്ക് വലിയ സാമ്പത്തിക സമ്മർദ്ദം സൃഷ്ടിച്ചതാണ് കാരണം.
വരും ആഴ്ചകളിൽ ആഭ്യന്തരവും അന്താരാഷ്ട്രവുമായ നിരവധി സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ വിപുലീകരണ നടപടികൾ തുടരുന്നതിനിടെയാണ് ഈ തിരിച്ചടി. യാത്രക്കാരുടെ എണ്ണം കുറവായതും പ്രവർത്തന ചെലവ് കൂടുതലുമായ റൂട്ടുകളിലെ സർവീസുകളാണ് പ്രധാനമായും നിർത്തലാക്കുക. ഇതുസംബന്ധിച്ച അന്തിമ പട്ടിക എയർ ഇന്ത്യ ഉടൻ പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.
നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പകരം സൗകര്യമൊരുക്കുകയോ പണം തിരികെ നൽകുകയോ ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം മൂലമുള്ള ഇന്ധനവില വർധനയും സ്പെയർ പാർട്സുകളുടെ ക്ഷാമവും മെയിന്റനൻസ് ചെലവുകളുടെ വർധനയും സാഹചര്യം കൂടുതൽ സങ്കീർണമാക്കിയതായി വിലയിരുത്തുന്നു. അവധി കാലത്ത് സർവീസ് കുറയുന്നത് വിമാന ടിക്കറ്റ് നിരക്ക് ഉയരാൻ ഇടയാക്കുമെന്ന ആശങ്കയും യാത്രക്കാരിൽ ഉയർന്നിട്ടുണ്ട്.




