കോട്ടയം∙ സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേരും. ഇന്ന് വൈകിട്ട് കൊച്ചിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ ട്വന്റി 20 കോഓർഡിനേറ്റർ സാബു എം. ജേക്കബ് അഖിലിന് ഔദ്യോഗികമായി അംഗത്വം നൽകുമെന്നാണ് വിവരം.
കൊട്ടാരക്കര സീറ്റിൽ അഖിൽ മാരാർ എൻഡിഎ സ്ഥാനാർഥിയായേക്കും. കോൺഗ്രസുമായി സീറ്റു ചർച്ചകൾ നടത്തിയശേഷമാണ് അഖിൽ മാരാർ ട്വന്റി 20യിലേക്ക് ചേരുന്നത്.
കൊട്ടാരക്കര സ്വദേശിയായ അഖിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ജയിക്കാൻ സാധ്യതയുള്ള സീറ്റ് ആവശ്യമില്ലെന്നും പാർട്ടി പരാജയപ്പെടാൻ സാധ്യതയുള്ള സീറ്റ് മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേമം, ധർമ്മടം, ചടയമംഗലം മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ചടയമംഗലത്ത് പരിഗണിക്കാമെന്ന ഉറപ്പ് ചില നേതാക്കളിൽ നിന്ന് ലഭിച്ചിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ പിന്നീട് അനുകൂല നിലപാട് മാറിയതോടെയാണ് ട്വന്റി 20യിലേക്ക് ചേർക്കാനുള്ള തീരുമാനം.






