കുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്ക് രേഖകളിൽ കൃത്രിമം നടത്തുകയും കമ്പനികളുടെ പേരിൽ വ്യാജ ലാഭക്കണക്കുകൾ തയ്യാറാക്കുകയും ചെയ്ത കേസിൽ പത്ത് പേർക്ക് മൂന്ന് വർഷം തടവുശിക്ഷ. കുവൈത്തി പൗരന്മാരും പ്രവാസികളും ഉൾപ്പെട്ട പ്രതികൾക്കാണ് അപ്പീൽ കോടതി ശിക്ഷ വിധിച്ചത്. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയ കോടതി നേരത്തെ വിധിച്ച പത്ത് വർഷത്തെ തടവും 422 ദശലക്ഷം കുവൈത്ത് ദിനാറിന്റെ പിഴയും റദ്ദാക്കി.
ജസ്റ്റിസ് അബ്ദുല്ല അൽ സാനിഅയുടെ അധ്യക്ഷതയിലുള്ള അപ്പീൽ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജഡ്ജിമാരായ മിഷാൽ അൽ മുതവ്വ, സൗദ് അൽ മുതൈരി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
വിവിധ കമ്പനികൾക്ക് യഥാർഥത്തിൽ ലഭിക്കാത്ത ലാഭം ലഭിച്ചതായി കാണിക്കുന്നതിനായി ബാങ്ക് രേഖകളിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമായി തയ്യാറാക്കിയതായും കോടതി കണ്ടെത്തി.
കേസിൽ നേരത്തെ കീഴ്ക്കോടതി പ്രതികൾക്ക് പത്ത് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്കും കേസിൽ ഉൾപ്പെട്ട കമ്പനികൾക്കുമായി ആകെ 422 ദശലക്ഷം കുവൈത്ത് ദിനാർ പിഴയും ചുമത്തിയിരുന്നു. എന്നാൽ, അപ്പീൽ കോടതി വീണ്ടും പരിശോധിച്ചപ്പോൾ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തി. ഇതോടെ ഈ കുറ്റവുമായി ബന്ധപ്പെട്ട തടവുശിക്ഷയും പിഴയും റദ്ദാക്കുകയും പ്രതികളെയും കമ്പനികളെയും കുറ്റത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
അതേസമയം, ബാങ്ക് രേഖകളിൽ കൃത്രിമം നടത്തിയെന്ന കുറ്റം തെളിഞ്ഞതിനാൽ പത്ത് പ്രതികൾക്കും മൂന്ന് വർഷം വീതം തടവുശിക്ഷ വിധിച്ചു. നേരത്തെ കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്കെതിരായ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിൽനിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ബാങ്ക് രേഖകളിൽ കൃത്രിമം നടത്തിയതിനുള്ള ശിക്ഷ പ്രതികൾ അനുഭവിക്കേണ്ടിവരും.


