മലപ്പുറം: വാഴക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ അങ്കണവാടികളും ഇനി ആധുനിക സൗകര്യങ്ങളാൽ സമ്പന്നമാക്കി സ്മാർട്ട് അങ്കണവാടികളാക്കും. അങ്കണവാടികളുടെ പഠനപരിസരം കൂടുതൽ ആധുനികവും ശിശു സൗഹൃദവുമായതാക്കുന്നതിനായി വിവിധ പുതിയ ഉപകരണങ്ങളും കളിക്കോപ്പുകളും പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു.
അങ്കണവാടികൾക്കുള്ള ഉപകരണങ്ങൾ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. നൗഷാദ് നിർവഹിച്ചു. ടീച്ചിംഗ് ആൻഡ് ആർട്ട് ബോർഡ്, ഫ്രണ്ട് റൗണ്ട് ടേബിൾ, സ്റ്റോറേജ് സ്റ്റാൻഡ്, ജംബോ ബ്ലോക്കുകൾ, ഫിഷ് റോക്കർ, മൾട്ടി കളർ സീ-സോ, സ്മാർട്ട് ടി.വി, മൾട്ടി കളർ സ്ലൈഡ്, ഇൻഡോർ ട്രാംപോളിൻ, ഔട്ട്‌ഡോർ മെറി ഗോ റൗണ്ട്, ഔട്ട്‌ഡോർ സ്ലൈഡ്, സ്വിങ്, ഇൻഡോർ ബോൾ പൂൾ, മൈക്ക് സഹിതമുള്ള സ്പീക്കർ തുടങ്ങിയ സൗകര്യങ്ങളാണ് അങ്കണവാടികൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്തിന്റെ ബാലസൗഹൃദമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്മാർട്ട് അങ്കണവാടി പദ്ധതി നടപ്പാക്കുന്നത്. പുതിയ സംവിധാനങ്ങൾ അങ്കണവാടികളിലെ പഠനാനുഭവം കൂടുതൽ രസകരവും പ്രായോഗികവുമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ എം കെ നൗഷാദ് പറഞ്ഞു.
വൈസ് പ്രസിഡണ്ട് ഷമീന സലീം, സെക്രട്ടറി പ്രശാന്തി. എസ്, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത്, വാർഡ് മെമ്പർമാരായ ജമീല യൂസുഫ്, സുഹറ വെളുമ്പിലാoകുഴി, സാബിറ സലിം, വസന്തകുമാരി, കോമള എം, ഐസിഡിഎസ് സൂപ്പർവൈസർ ബാസിമ, അങ്കണവാടി വർക്കർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






