ഇടുക്കി: സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വാഗമണ്ണിൽ ഒഴിപ്പിച്ച സർക്കാർ ഭൂമി വീണ്ടും കൈയേറിയതായി ആരോപണം. സർക്കാർ അവധി ദിവസങ്ങൾ മുതലെടുത്ത് ഭൂമാഫിയ വീണ്ടും കൈയേറ്റം നടത്തിയതായാണ് വിവരം.
വാഗമൺ വില്ലേജിലെ അറപ്പുകാട് പ്രദേശത്ത് സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന 16 ഏക്കർ ഭൂമി റവന്യൂ ദൗത്യസംഘം നേരത്തെ തിരിച്ചുപിടിച്ചിരുന്നു. തുടർന്ന് ഭൂരഹിതർക്കായി മൂന്ന് സെന്റ് വീതം അളന്നു വിതരണം ചെയ്യാനുള്ള നടപടികളും ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ഭൂമി വീണ്ടും പഴയ കൈയേറ്റക്കാരന്റെ നിയന്ത്രണത്തിലായതായി പറയുന്നു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച നടപടികളുടെ തുടർച്ചയായി എൽഡിഎഫ് നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ ഭൂരഹിതർക്കായി നൽകിയ ഭൂമിയിലും മുൻപ് കൈയേറ്റം നടന്നിരുന്നുവെന്ന് ആരോപണമുണ്ട്. ഈ പ്രദേശത്ത് ഇയാൾ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
മുൻപ് വാഗമൺ മേഖലയിൽ 600 ഏക്കറിലധികം സർക്കാർ ഭൂമി ഒഴിപ്പിക്കാൻ ദൗത്യസംഘം പ്രവർത്തിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഏഴ് ദൗത്യസംഘങ്ങളെയാണ് നിയോഗിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ചില സ്ഥലങ്ങളിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ അപ്രത്യക്ഷമായതായും ആരോപണമുണ്ട്.
താലൂക്കിലെ ചില റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭൂമാഫിയ വീണ്ടും കൈയേറ്റം നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെടുകയാണ് പ്രദേശവാസികൾ.






