കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർക്ക് നീർനായയുടെ കടിയേറ്റു. മുക്കം പെരുമ്പടപ്പ് കരിമ്പ് ഉന്നതിയിൽ താമസിക്കുന്ന ഖദീജ, അനീഷിന്റെ മകൻ ആദിദേവ് (15), കാരശ്ശേരി സ്വദേശി ഫിദൽ അഹമ്മദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ കാലിൽ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായത്.
ഞായറാഴ്ച തുമ്പോണ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രദേശത്ത് നീർനായയുടെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ ആരോപിക്കുകയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.




