കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സീറ്റ് വിഭജനത്തിൽ കടുത്ത നിലപാടുമായി കോൺഗ്രസ്. ഇതിന്റെ ആദ്യഘട്ടമെന്നോണം, ജോസഫ് ഗ്രൂപ്പിൽ നിന്ന് ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് തിരിച്ചുപിടിച്ചു. പകരം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് പൂഞ്ഞാർ സീറ്റാണ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പ് പരാജയപ്പെട്ടതും എന്നാൽ കോൺഗ്രസിന് വിജയസാധ്യതയുള്ളതുമായ നാലോളം സീറ്റുകൾ തിരികെ വാങ്ങുമെന്ന നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെയാണിത്. ഇതോടെ വരാനിരിക്കുന്ന സീറ്റ് വിഭജനത്തിൽ ജോസഫ് ഗ്രൂപ്പ് വലിയ ആശങ്കയിലാണ്. പലയിടങ്ങളിലും സ്വന്തമായി അടിത്തറയില്ലാത്തത് ജോസഫ് ഗ്രൂപ്പിന് വെല്ലുവിളിയാകുന്നുണ്ട്.
ഏറ്റുമാനൂരിൽ സിറ്റിംഗ് എം.എൽ.എ വി.എൻ. വാസവനെ നേരിടാൻ നാട്ടകം സുരേഷിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ കളത്തിലിറക്കാനാണ് കോൺഗ്രസ് നീക്കം. അതേസമയം, പൂഞ്ഞാറിൽ കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർത്ഥിയായി ഹൈപവർ കമ്മിറ്റി അംഗവും സ്റ്റേറ്റ് ജനറൽ സെക്രട്ടറിയുമായ സാബു പ്ലാത്തോട്ടം മത്സരിച്ചേക്കും.
പത്ത് വർഷമായി മണ്ഡലം പ്രസിഡന്റായും പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളിൽ ജനപ്രതിനിധിയായും പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്. നിലവിലെ തിടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി പ്ലാത്തോട്ടം ഇദ്ദേഹത്തിന്റെ സഹോദരനാണ്
പാലാ മണ്ഡലത്തിൽ ഷോൺ ജോർജ് മത്സരിക്കുമെന്ന് ഉറപ്പായതോടെ, ഒരു കുടുംബത്തിൽ നിന്ന് രണ്ട് പേർ അടുത്തടുത്ത മണ്ഡലങ്ങളിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ പി.സി ജോർജ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. ബിജെപി സ്ഥാനാർത്ഥിയായി മിനർവ മോഹൻ പൂഞ്ഞാറിൽ എത്തിയേക്കും. സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കോട്ടയം ജില്ലയിലെ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമാവുകയാണ്.




