കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തറക്കല്ലിടൽ ചടങ്ങ് നടത്തി 142 ദിവസങ്ങൾക്ക് ശേഷമാണ് മേപ്പാടി കുന്നംപറ്റയിൽ നിർമാണം ആരംഭിച്ചത്.
ഫെബ്രുവരി 26ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. എന്നാൽ, ഏറെ വിമർശനങ്ങൾക്കിടയിലും യാതൊരു ആഘോഷപരിപാടികളുമില്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ദുരന്തബാധിതർക്കായി നൂറ് വീടുകൾ നിർമ്മിക്കുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ 18 വീടുകളുടെ നിർമാണമാണ് ആരംഭിക്കുന്നത്. വീടുകൾ ലഭിക്കുന്ന ഗുണഭോക്താക്കളുടെ പട്ടിക സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
നിർമാണ പ്രവർത്തനങ്ങൾ വൈകിയതിന് മുൻ സർക്കാരിനെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. അതേസമയം, വീടുകളുടെ നിർമാണം വൈകുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു.
വീടുകളുടെ നിർമാണത്തിനായി കോൺഗ്രസ് നേരത്തെ പണം പിരിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തതിനെ തുടർന്ന് ഫണ്ട് വിനിയോഗം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. പിന്നീട് സ്ഥലം വാങ്ങി തറക്കല്ലിട്ടെങ്കിലും നിർമാണം വൈകുകയായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് വീടുകൾക്കായി പിരിച്ചെടുത്ത പണം പ്രചാരണത്തിന് ഉപയോഗിച്ചെന്ന ആരോപണം സിപിഎം ഉന്നയിച്ചിരുന്നു. ഫണ്ട് ശേഖരണത്തിനായി ആരംഭിച്ച മൊബൈൽ ആപ്പ് പ്രവർത്തനരഹിതമായതായും വിമർശനങ്ങൾ ഉയർന്നു. വീടുകളുടെ പദ്ധതിക്കായി അഞ്ച് കോടിയിലേറെ രൂപ ലഭിച്ചതായി കോൺഗ്രസ് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.


