തലച്ചോറിന്റെ ആരോഗ്യത്തിന് സൈക്ലിങ് വളരെ മികച്ചതാണെന്ന് ഗവേഷണ ഫലങ്ങൾ. മസ്തിഷ്കത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം കാക്കുന്നതിനും വിഷാദരോഗത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനുമൊക്കെ സൈക്ലിങ് മികച്ചതാണെന്ന് പഠനം പറയുന്നു. ഒക്ലഹോമ സർവകലാശാല, ലോമ ലിൻഡ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിക്കുകയും ശാരീരിക പ്രവർത്തനങ്ങൾ കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ മസ്തിഷ്കാരോഗ്യം മെച്ചപ്പെടുത്താൻ ചെലവുകുറഞ്ഞ സൈക്ലിങ് പോലുള്ള വഴികൾ കണ്ടെത്തേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നു.
ഫ്രോണ്ടിയേഴ്സ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏകാഗ്രത ലഭിക്കാനും മസ്തിഷ്കാരോഗ്യം മെച്ചപ്പെടാനും സമ്മർദം കുറയ്ക്കാനുമൊക്കെ സൈക്ലിങ് സഹായിക്കുമെന്ന് പഠനം പറയുന്നു. മാനസികാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ഹൃദയാരോഗ്യം കാക്കാനും ഫിറ്റ്നസ്, ശരീരഘടന, മെറ്റബോളിക് ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും സൈക്ലിങ് സഹായിക്കുമെന്നും പഠനത്തിലുണ്ട്.






