കണ്ണൂർ: മടക്കരയിൽ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രാദേശിക യൂത്ത് ലീഗ് നേതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാട്ടൂൽ മടക്കര സ്വദേശി റാഷിദിനെതിരെയാണ് കണ്ണപുരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
തിരഞ്ഞെടുപ്പിന് തലേദിവസമാണ് സംഭവം നടന്നത്. മില്ലിൽ മുളക് പൊടിക്കാൻ എത്തിയ കുട്ടിയെ ഐസ്ക്രീം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് സമീപത്തെ കെട്ടിടങ്ങൾക്കിടയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
സംഭവത്തിന് പിന്നാലെ വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ, പൊലീസിൽ പരാതി നൽകുകയും ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഓട്ടോ ഡ്രൈവറായ പ്രതി പ്രാദേശിക യൂത്ത് ലീഗ് ശാഖാ പ്രസിഡന്റും വൈറ്റ് ഗാർഡ് വോളന്റിയറുമാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഒളിവിലാണ്. കേസിൽ അന്വേഷണം തുടരുകയാണ്.




