തിരുവനന്തപുരം: കൊടും ചൂടിലേക്ക് കടന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു. ഇന്നലെ വൈകുന്നേരം വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ട് ആയി. തിങ്കളാഴ്ച്ച രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുന്‍ റെക്കോര്‍ഡ്.
വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നതോടെ വെട്ടിലായത് കെഎസ്ഇബിയും കൂടിയാണ്. സംസ്ഥാനത്തെങ്ങും ഫാന്‍, കൂളര്‍, എ സി എന്നിവയുടെ ഉപയോഗം കുത്തനെ കൂടിയതാണ് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചത്. ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാല്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റ് ആണ്. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ഇതോടെ ആഭ്യന്തര ഉല്‍പാദനം കൂട്ടാനാണ് തീരുമാനം. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ പീക്ക് സമയത്ത് (വെകുന്നേരം 6 മണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് കെഎസ്ഇബി നിര്‍ദേശിക്കുന്നുണ്ട്.




