തൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ ആണ് മരിച്ചത്. രാത്രികളിൽ ഭയത്തെ തുടർന്ന് അയൽവാസികളുടെ വീടുകളിൽ പോയി ഉറങ്ങുന്നത് സഫിയയുടെ പതിവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവർ പതിവുപോലെ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് സഫിയയെ സ്വന്തം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ഇവർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെ ആസൂത്രിതമായ കൊലപാതകമാണെന്ന സംശയം ഉയർന്നിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.




