കണ്ണൂർ: വ്യാജരേഖകൾ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എൻ.കെ. ദീപക്കിന് ശിക്ഷ. ആറ് വർഷം തടവും 80,000 രൂപ പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സ് വിഭാഗം മേധാവിയാണ് ഡോ. എൻ.കെ. ദീപക്.
2008ൽ ഫിസിക്സ് വിഭാഗം മേധാവിയായിരിക്കെ ദിവസവേതനാടിസ്ഥാനത്തിൽ പ്രൊഫഷണൽ അസിസ്റ്റന്റിനെ നിയമിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. മറ്റൊരു ജീവനക്കാരന്റെ പേരിൽ വ്യാജരേഖകൾ തയ്യാറാക്കി നിയമനം നടത്തിയെന്നും വ്യാജ വിലാസം ഉൾപ്പെടെയുള്ള രേഖകൾ ഉപയോഗിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ പ്രൊഫഷണൽ അസിസ്റ്റന്റായി നിയമനം നടത്തിയതായി സർവകലാശാല അധികൃതരെ തെറ്റിദ്ധരിപ്പിച്ചെന്നാണ് കേസ്. തുടർന്ന് വിനോദ് കുമാർ ഡി എന്നയാളുടെ വ്യാജ ഒപ്പ് രേഖപ്പെടുത്തി 2008 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ശമ്പളം അനധികൃതമായി കൈപ്പറ്റിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.
2008 ജൂൺ 26ന് ഫിസിക്സ് വിഭാഗത്തിലെ പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയിരുന്നു. ഇതിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ക്രമക്കേട് നടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തിന് ഏകദേശം 18 വർഷത്തിന് ശേഷമാണ് കേസിൽ കോടതി വിധിയുണ്ടായത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കണ്ണൂർ യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. മുൻ ഡിവൈഎസ്പിമാരായ മധുസൂദനൻ വി, ബാബു പെരിങ്ങേത്ത് എന്നിവർ അന്വേഷണം പൂർത്തിയാക്കി. തുടർന്ന് ബാബു പെരിങ്ങേത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അനൂബ് കെ.ബി. ഹാജരായി.


