കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ കസ്റ്റഡിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്തുനിന്ന് കേരളത്തിലെത്തിയതായിരുന്നു പാർവതി മായ.
പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പാർവതി മായയാണ് ഒന്നാം പ്രതി. അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി എഫ്ഐആറിൽ പറയുന്നു.
കോട്ടയം രജിസ്ട്രേഡ് ഓഫീസായി പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസിന് കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലും ഒമാൻ, ദുബായ്, അബുദാബി, ബഹ്റൈൻ, നേപ്പാൾ എന്നിവിടങ്ങളിലും ശാഖകളുണ്ടെന്നാണ് വിവരം.
വിദേശരാജ്യങ്ങളിലെ തൊഴിൽ അവസരങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് ആംസ്റ്റർ ഓവർസീസ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.




