ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത സംബന്ധിച്ച റിപ്പോർട്ടിന് പിന്നാലെ പ്രതിഷേധം ശക്തം. കമ്മീഷൻ ആസ്ഥാനത്തേക്ക് കോൺഗ്രസും എസ്.എഫ്.ഐയും നടത്തിയ മാർച്ചുകൾ പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥയുണ്ടായി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, 48 മണിക്കൂറിനകം രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ടിന് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് കോക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെയാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തെരുവിലേക്കെത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജമ്മു കശ്മീർ നിയമസഭയിൽ കോൺഗ്രസ് എംഎൽഎമാർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ബാനർ ഉയർത്തി പ്രതിഷേധിക്കുകയും നടപടികൾ തടസപ്പെടുത്തുകയും ചെയ്തു.
എസ്.എഫ്.ഐ നടത്തിയ മാർച്ചും പൊലീസ് തടഞ്ഞു. വിദ്യാർഥി നേതാക്കൾക്കൊപ്പം എംപിമാരായ വി. ശിവദാസൻ, എ.എ. റഹീം എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള നിയമപോരാട്ടവും ശക്തമാകുകയാണ്. ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റിൽ നീക്കം നടത്താൻ പ്രതിപക്ഷം തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ബി.ജെ.പി തള്ളി. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ രേഖപ്പെടുത്തിയ വിയോജിപ്പുകളെക്കുറിച്ചുള്ള ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ, മറ്റ് രണ്ട് കമ്മീഷണർമാരുടെ പ്രതികരണം എന്തുകൊണ്ട് തേടിയില്ലെന്ന ചോദ്യം ബി.ജെ.പി ഉയർത്തി. കമ്മീഷനിലെ ആഭ്യന്തര ചർച്ചകളും വ്യത്യസ്ത അഭിപ്രായങ്ങളും സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നും അന്തിമ തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
അതേസമയം, പ്രതിപക്ഷ കക്ഷികൾ സംയുക്തമായി പ്രതിഷേധം നടത്തുന്നതിൽ ഇതുവരെ ധാരണയായിട്ടില്ല. ഇന്ത്യാ സഖ്യത്തിലെ പാർട്ടികളെ ഒന്നിച്ചിറങ്ങാൻ ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി കത്ത് നൽകിയെങ്കിലും മറ്റ് പ്രതിപക്ഷ പാർട്ടികളിൽനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത സംബന്ധിച്ച റിപ്പോർട്ടിൽ രണ്ട് കമ്മീഷണർമാർ കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ രേഖാമൂലം വിയോജിപ്പ് അറിയിച്ചെന്നാണ് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട്. എന്നാൽ, എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നാണ് കമ്മീഷന്റെ നിലപാട്.















