തിരുവനന്തപുരം: വിവാദമായ ജിഎൻഎ വൈദ്യുതി കരാറിൽ കമ്പനിയെ ആദ്യം ശുപാർശ ചെയ്തത് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെന്ന് റിപ്പോർട്ട്. ഹിമാചൽ വൈദ്യുതി പ്രൊപ്പോസലുമായി ബന്ധപ്പെട്ട ഫയലിൽ ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡിനെ പരിഗണിക്കണമെന്ന് ചീഫ് സെക്രട്ടറി പ്രത്യേക കുറിപ്പ് എഴുതിയിരുന്നു. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്നായിരുന്നു ശുപാർശയ്ക്ക് നൽകിയ വിശദീകരണം.
എന്നാൽ ജിഎൻഎയുമായുള്ള കരാർ കെഎസ്ഇബിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് അന്നത്തെ കെഎസ്ഇബി മുൻ സിഎംഡി എം.ജി. രാജമാണിക്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം 903 കോടി രൂപയുടെ നഷ്ടസാധ്യതയാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നിട്ടും ഈ മുന്നറിയിപ്പുകൾ പരിഗണിക്കപ്പെട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
കരാറിൽ ഒപ്പുവെക്കാൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും സമ്മർദം ചെലുത്തിയിരുന്നുവെന്നും രാജമാണിക്യത്തെ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പും ചീഫ് സെക്രട്ടറിയുടെ ഇടപെടൽ തുടർന്നുവെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തി. ബോർഡ് സർക്കാരിന് തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മുൻ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായ വിശദീകരണമാണ് മന്ത്രി നൽകിയിരിക്കുന്നത്.
കേരളത്തിൽ നിലവിൽ വൈദ്യുതിക്ക് വലിയ ആവശ്യകതയുണ്ടെന്നും വരും വർഷങ്ങളിലും ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ വൈദ്യുതി ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ വൈദ്യുതിയുടെ ആവശ്യകത ബോർഡ് സർക്കാരിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുമായി നിലവിൽ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജിഎൻഎ കരാർ പ്രായോഗികമല്ലെന്നും കമ്പനിയുമായി ഇനി വൈദ്യുതി കരാറുണ്ടാകില്ലെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ കെഎസ്ഇബി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്നും ഇതിന് പിന്നിൽ മാധ്യമങ്ങളാണെന്നും മന്ത്രി ആരോപിച്ചു. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുതി നിലയത്തിൽ നിന്ന് കേരളത്തിന് കൂടുതൽ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


