ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ സിനിമയാക്കാൻ തെലങ്കാന കോൺഗ്രസ്. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വർക്കിങ് പ്രസിഡന്റ് ജഗ്ഗ റെഡ്ഡിയാണ് സിനിമാ നിർമാണ പ്രഖ്യാപനം നടത്തിയത്. തെലുങ്കിലായിരിക്കും ചിത്രം ഒരുങ്ങുക.
തെലങ്കാനയിലെ സംഗറെഡ്ഡിയിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിലാണ് ജഗ്ഗ റെഡ്ഡി ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് പണം സമാഹരിച്ച് സിനിമ നിർമിക്കാനാണ് പദ്ധതി. തെരഞ്ഞെടുപ്പിനായി പണം ചെലവഴിക്കുന്നതുപോലെ സിനിമാ നിർമാണത്തെയും കാണണമെന്നും മികച്ച സംവിധായകനെ കണ്ടെത്തി ആവശ്യമായ ബജറ്റ് സമാഹരിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.
സിനിമയ്ക്കായി സംഗറെഡ്ഡി മണ്ഡലം കോൺഗ്രസ് കൺവീനർ ജുലകാന്തി ആഞ്ജനേയലു രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തു. നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 50 അംഗ സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗാന്ധിഭവൻ പബ്ലിക് റിലേഷൻസ് ഓഫീസർ ഹരിപ്രസാദിനായിരിക്കും സമിതിയുടെ നേതൃത്വം.
ഒരുക്കങ്ങൾ പൂർത്തിയായാൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ടിപിസിസി പ്രസിഡന്റ് മഹേഷ് കുമാർ ഗൗഡിനെയും ക്ഷണിച്ച് ചിത്രീകരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കുമെന്നും ജഗ്ഗ റെഡ്ഡി അറിയിച്ചു. അതേസമയം, പുസ്തകത്തിന്റെ പകർപ്പവകാശം സംബന്ധിച്ച നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല.
യുദ്ധാനന്തര ഇറ്റലിയിലെ ബാല്യകാലം മുതൽ ഇന്ത്യയിലെ ജീവിതവും രാഷ്ട്രീയ രംഗത്തെ വളർച്ചയും വരെയുള്ള സോണിയ ഗാന്ധിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ സിനിമയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഗാന്ധി കുടുംബത്തിലേക്കുള്ള കടന്നുവരവും രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശനവുമെല്ലാം ചിത്രത്തിന്റെ ഭാഗമാകുമെന്ന് ജഗ്ഗ റെഡ്ഡി വ്യക്തമാക്കി.
കേംബ്രിഡ്ജിൽ പഠിക്കുന്ന കാലത്താണ് സോണിയ ഗാന്ധി രാജീവ് ഗാന്ധിയെ പരിചയപ്പെടുന്നത്. 1968 ഫെബ്രുവരി 25-നായിരുന്നു ഇരുവരുടെയും വിവാഹം. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധങ്ങൾ സോണിയയുടെ ജീവിതത്തിലുണ്ടാക്കിയ ആഘാതങ്ങളും വ്യക്തിപരമായ നഷ്ടങ്ങളെ അതിജീവിച്ച് പൊതുപ്രവർത്തനത്തിലേക്ക് കടന്നുവന്ന അനുഭവങ്ങളും ആത്മകഥയിൽ വിവരിക്കുന്നുണ്ട്.
544 പേജുകളുള്ള പുസ്തകം സോണിയ ഗാന്ധിയുടെ വ്യക്തിജീവിതത്തിനും രാഷ്ട്രീയ അനുഭവങ്ങൾക്കും പുറമെ ഇന്ത്യയിലെ ആറു പതിറ്റാണ്ടുകാലത്തെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നു.
അതേസമയം, സോണിയ ഗാന്ധിയുടെ ആത്മകഥയുടെ പകർപ്പുകൾ വാങ്ങി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 2027ലെ തിരഞ്ഞെടുപ്പിന് മുമ്പ് സിനിമ പൂർത്തിയാക്കി പുറത്തിറക്കണമെന്ന് ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.


