സിംല: ഏഴ് വയസുള്ള ചെറുമകന്റെ മുടി മുറിച്ചതിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മരുമകൾക്കെതിരെ പരാതിയുമായി 72കാരനായ മുത്തച്ഛൻ. ഹിമാചൽ പ്രദേശിലെ മാണ്ടിയിലാണ് സംഭവം. സിഖ് മതവിശ്വാസിയായ മുത്തച്ഛനാണ് പൊലീസിനെ സമീപിച്ചത്.
മനഃപൂർവം നിർബന്ധിച്ച് കുട്ടിയുടെ മുടി മുറിക്കുകയായിരുന്നുവെന്നാണ് യുവതിക്കെതിരായ പരാതി. സിഖ് മതവിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ ആചാരങ്ങൾ ലംഘിക്കുന്നതാണ് മരുമകളുടെ നടപടിയെന്നും പരാതിയിൽ ആരോപിക്കുന്നു.
സിഖ് മതവിശ്വാസത്തിൽ മുടി മുറിക്കാതെ സൂക്ഷിക്കുന്നതിന് പ്രത്യേക മതപരമായ പ്രാധാന്യമുണ്ട്. ഈ ആചാരത്തിന് വിരുദ്ധമായാണ് കുട്ടിയുടെ മുടി മുറിച്ചതെന്നാണ് മുത്തച്ഛന്റെ ആരോപണം.
സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും യുവതിക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നവംബർ 21നാണ് പൊലീസിൽ പരാതി നൽകിയത്. മാണ്ടിയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥിയാണ് ഏഴ് വയസുകാരനെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ആരോപണവിധേയയായ യുവതിയുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയുടെ മുടി മുറിച്ചതുമായി ബന്ധപ്പെട്ട കുടുംബപരമായ തർക്കം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലേക്ക് എത്തിയതോടെ സംഭവം പ്രദേശത്ത് ശ്രദ്ധ നേടുകയാണ്.


