കൊല്ലം: ജോലിക്കെത്താതിരുന്ന ജീവനക്കാരനെ അന്വേഷിച്ച് എത്തിയ ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു. എം.സി. റോഡിൽ കുരിയോട്ട് പ്രവർത്തിക്കുന്ന ‘സ്പൈസി’ ഹോട്ടലിന്റെ ഉടമ ആക്കൽ പുള്ളിപ്പച്ചയിൽ സക്കീർ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്.സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയായ ഹോട്ടൽ ജീവനക്കാരൻ മംഗളൂരു ബെൽത്തങ്ങാടി പേരിമെന്താടി ഹൗസിലെ ഇർഷാദിനെ പിന്നീട് തിരുവനന്തപുരം മണ്ണന്തലയിൽ നിന്ന് പൊലീസ് പിടികൂടി.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഹോട്ടലിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാഴ്സൽ സേവനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്ഥിരം ജീവനക്കാരൻ നാട്ടിലായതിനാൽ, അദ്ദേഹത്തിന്റെ ബന്ധുവായ ഇർഷാദിനെ താത്കാലികമായി ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ സ്ഥിരമായി ജോലിക്കെത്താത്തതിനെ തുടർന്ന് അന്വേഷിച്ച് മുറിയിലെത്തിയ സക്കീർ ഹുസൈനെ പ്രതി കത്തികൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ സക്കീർ ഹുസൈൻ രക്തത്തിൽ കിടക്കുന്ന നിലയിലായിരുന്നു. ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതി മുമ്പ് ഇതേ ഹോട്ടലിൽ ജോലി ചെയ്തിരുന്നയാളാണെന്നും പെരുമാറ്റദൂഷ്യത്തെ തുടർന്ന് അന്ന് പിരിച്ചുവിട്ടതായും പൊലീസ് അറിയിച്ചു.




